Monday, May 31, 2010

കല്യാണപ്പേരില്‍ കോമാളിക്കളി - copied from a mail... not my creation

വിവാഹം വേണമെങ്കില്‍ കണ്ണൂരിലെ യുവതീയുവാക്കള്‍ക്ക് പല അഗ്നിപരീക്ഷകളും നേരിടേണ്ടിവരും...

Fun & Info @ Keralites.netവിവാഹം കഴിഞ്ഞ് ആഘോഷമായി വരികയാണ് വരനും വധുവും. അകമ്പടിയായി സുഹൃത്തുക്കളുടെ ചെണ്ടമേളവുമുണ്ട്. വീട്ടിലെത്തുന്നതിന് തൊട്ടു മുന്‍പുള്ള ഇടവഴിയില്‍നിന്ന് പെട്ടെന്നാണ് ഒരു 'ഗര്‍ഭിണി' വരന്റെ മുന്നില്‍ ചാടിവീണത്. ''എന്നെ പിഴപ്പിച്ചിട്ട് വേറെ വിവാഹം കഴിച്ചല്ലേ, നിന്റെ ജീവിതം തുലഞ്ഞുപോകട്ടെ'' വരന്റെ മേല്‍ അവള്‍ ശകാരവാക്കുകള്‍ ചൊരിഞ്ഞു. പിന്നെ വരന്റെ കൈപിടിച്ചായി ഗര്‍ഭിണിയുടെ നടത്തം, വധു കരച്ചില്‍ തുടങ്ങി. ഒടുവിലാണ് രഹസ്യം പുറത്തായത്. വരന്റെ സുഹൃത്തുക്കളുടെ തമാശയായിരുന്നു ഗര്‍ഭിണിവേഷം. അഴിയൂരിലാണ് സംഭവം നടന്നത്.

വരന്റെ കൂട്ടുകാര്‍ ഒരുക്കുന്ന ഇത്തരം ഗുലുമാലുകളാണ് കണ്ണൂരിലെ വിവാഹങ്ങളിലെ പതിവ് ഐറ്റം. ഇതിന് നാട്ടുകാര്‍ ഒരു ഓമനപ്പേരിട്ടിട്ടുണ്ട്, 'കല്യാണ റാഗിങ്''.


കല്യാണനാളിലെ ഓട്ടം

തലശ്ശേരിയില്‍ രണ്ടുമാസം മുന്‍പേ നടന്നതാണ്. വരന്റെ വീടിനടുത്തുവരെ വാഹനമെത്തും. പക്ഷേ, വധൂവരന്‍മാര്‍ കാല്‍നടയായിത്തന്നെ വരണമെന്ന് സുഹൃത്തുക്കള്‍ക്ക് ഒരേ നിര്‍ബന്ധം. നട്ടുച്ച വെയിലില്‍ ടാറിന്റെ പൊരിയുന്ന ചൂടില്‍ അവര്‍ നടത്തം തുടങ്ങി. ആര്‍പ്പുവിളികളുമായി സുഹൃത്തുക്കള്‍ പിറകെയും. വീടെത്തും മുന്‍പേ സുഹൃത്തിന്റെ തമാശയെത്തി. പിന്നിലൂടെ വന്ന് വരന്റെ മുണ്ടഴിച്ചെടുത്ത് അയാള്‍ മുന്നിലോടി. വധുവിനും നാട്ടുകാര്‍ക്കും മുന്നില്‍ ചൂളിപ്പോയ വരന്‍ സുഹൃത്തിന്റെ പിറകെ ഓട്ടം തുടങ്ങി.

കല്യാണത്തലേന്ന് തുടങ്ങും സുഹൃത്തുക്കള്‍ ഒരുക്കുന്ന ഇത്തരം വിനോദങ്ങള്‍. പിന്നെയത് താലികെട്ടുന്ന ചടങ്ങിലേക്ക് നീളും. താലികെട്ടുമ്പോള്‍ വരന്റെ ഷര്‍ട്ടിനുള്ളിലൂടെ ഐസ് കട്ടയിടുക, വധുവിന്റെ മാലക്കിടയില്‍ പടക്കമൊളിപ്പിക്കുക, (ചെറിയ ബോംബുകള്‍ തന്നെ). താലി കെട്ടു കഴിയുമ്പോള്‍ ഉച്ചത്തിലുള്ള വെടിക്കെട്ട് മുഴങ്ങും. പലപ്പോഴും വധുവിന് ബോധംകെടും. കീഴത്തൂരില്‍ അടുത്തിടെ വധൂവരന്മാര്‍ പടക്കം പൊട്ടി പരിക്കേറ്റ് ആസ്​പത്രിയിലായിരുന്നു.


ഡ്രൈവര്‍ക്കുള്ള സമ്മാനം

എരഞ്ഞോളിയിലെ വരന്‍ ജെ.സി.ബി. ഡ്രൈവറായിരുന്നു. വിവാഹയാത്ര കേമമാക്കാന്‍ തന്നെ കൂട്ടുകാര്‍ തീരുമാനിച്ചു. വധുവിനെയും കൊണ്ട് കാറില്‍ കയറാനൊരുങ്ങിയ മണവാളനെ കൂട്ടുകാര്‍ പൊക്കിയെടുത്തു. റോഡില്‍ സ്റ്റാര്‍ട്ടു ചെയ്തു നിര്‍ത്തിയ ജെ.സി.ബി.യുടെ തുമ്പിക്കൈയിലേക്ക് വരനെയിരുത്തി. പേടിച്ചുകരഞ്ഞ വധുവിനെയും അവര്‍ മണ്ണുമാന്തിയില്‍ പിടിച്ചുകയറ്റി. പിന്നെ തുമ്പിക്കൈ പൊക്കി ജെ.സി.ബി. മധുവിധുയാത്ര തുടങ്ങി. ആഹ്ലാദത്തോടെ വരന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്‌നം കണ്ട വധുവിനത് ഭീകരാനുഭവമായി. സംഭവത്തിനു സാക്ഷികളായ പലരും അടക്കം പറഞ്ഞു. വരന്‍ പൈലറ്റാവാതിരുന്നത് ഭാഗ്യമെന്ന്.


ആഘോഷങ്ങളുടെ ആദ്യരാത്രി

വരനും വധുവിനും മണിയറയൊരുക്കുന്നതിന്റെ ചുമതല കൂട്ടുകാര്‍ ഏറ്റെടുക്കും. കിടപ്പുമുറിയുടെ വാതിലും പൂട്ടുമൊക്കെ ഇളക്കിവെക്കുക. ജനലിന്റെ കൊളുത്ത് അഴിച്ചുമാറ്റുക, കട്ടിലിന്റെ ആണികള്‍ ഇളക്കിവെക്കുക തുടങ്ങിയവയാണ് ആദ്യ പ്രയോഗങ്ങള്‍. കട്ടിലിന്റെ ആണി ഇളകിയതറിയാതെ കിടന്ന് നടുവൊടിഞ്ഞവര്‍ പലയിടത്തുമുണ്ട്. മുറിയുടെ ജനലിനു മുകളില്‍ മൈക്ക് കെട്ടി പുലരുവോളം നീളുന്ന അനൗണ്‍സ്‌മെന്റ്, മുറിയിലേക്ക് ചാണകവെള്ളം തളിക്കല്‍, തവളകളെ കയറ്റിവിടല്‍, പടക്കം പൊട്ടിച്ചിടല്‍ എന്നിവയെല്ലാം സ്ഥിരം നമ്പറുകളാണ്.

പിണറായിയിലെ വധുവിനെ കാത്തിരുന്നത് ഇതൊന്നുമായിരുന്നില്ല. ആദ്യരാത്രിയുടെ നാണത്തോടെ കിടപ്പറയിലെത്തിയതാണ് വധു. ചെ Fun & Info @ Keralites.netന്നപ്പോള്‍ കട്ടിലില്‍ വെള്ള മൂടിയൊരാള്‍ കിടക്കുന്നു. പ്രിയതമന്റെ കളിതമാശയാണിതെന്ന് കരുതി പുതപ്പൊന്ന് നീക്കിയ വധു അലറിവിളിച്ചുകൊണ്ട് നിലംപതിച്ചു. കുറെ തലയിണകള്‍ പായയില്‍ പൊതിഞ്ഞ് ശവംപോലെ കിടത്തിയതായിരുന്നു. വരനെ ഇതിനു മുന്‍പേ കൂട്ടുകാര്‍ നാടുകടത്തി. ഇതുമൊരു പതിവു നാടകമാണ്. ആദ്യരാത്രി ആഘോഷിക്കാനൊരുങ്ങുന്ന വരനെ സുഹൃത്തുക്കള്‍ പലതും പറഞ്ഞ് പുറത്തിറക്കും. പിന്നെ വണ്ടിയില്‍ കയറ്റി ദൂരെ സ്ഥലത്തു കൊണ്ടുപോവും. കാത്തിരുന്ന് മടുത്ത വധു പുലര്‍ച്ചെ എണീക്കുമ്പോഴാവും ഉറക്കച്ചടവുമായുള്ള വരന്റെ വരവ്.


വരന് പറ്റിയ അക്കിടി

സുഹൃത്തുക്കളുടെ കല്യാണ ഗുലുമാലുകള്‍ക്കെല്ലാം നേതൃത്വം നല്‍കിയ പിണറായിക്കാരനും കല്യാണം വന്നു. വാതിലിന്റെ പൂട്ടും ജനലിന്റെ കൊളുത്തും അഴിക്കാനെത്തുന്നവരെ നേരിടാന്‍ യുവാവൊരു മുന്‍കരുതലെടുത്തു. പൂട്ട്, താക്കോല്‍, വിജാഗിരി, കൊളുത്ത് എന്നിവയെല്ലാം പുതുതായി വാങ്ങിവെച്ചു. സുഹൃത്തുക്കള്‍ ഇളക്കിയെടുത്തുപോയാല്‍ പുതിയത് വെക്കാമെന്നായിരുന്നു വരന്റെ ധാരണ. ഇത് മുന്‍പേ അറിഞ്ഞ സുഹൃത്തുക്കളുണ്ടോ വിടുന്നു. പുതിയ പൂട്ടും കൊളുത്തുമൊക്കെ വെക്കാന്‍ ജനലും വാതിലുമൊക്കെ ഉണ്ടായാലല്ലേ പറ്റൂ. അവര്‍ ജനലും വാതിലും ഒന്നാകെ അഴിച്ചെടുത്ത് സ്ഥലംവിട്ടു. 'പൊതുസ്ഥലത്ത്'' ആദ്യരാത്രി കഴിയേണ്ട ഗതികേടിലായി വരനും വധുവും.

പല വരന്‍മാരും ഇപ്പോള്‍ വധുവിന് മുന്നറിയിപ്പ് നല്‍കും. ചങ്ങാതിമാരുടെ ആക്രമണമുണ്ടാവും. ഒന്ന് കരുതിയിരിക്കണമെന്ന്. പക്ഷെ അതുകൊണ്ടും ഫലമുണ്ടാവില്ല.


പ്രതികള്‍ ചങ്ങാതിമാര്‍

'നാട്ടിലൊരാളുടെ കല്യാണം നിശ്ചയിക്കുമ്പോഴേ ഞങ്ങള്‍ ആലോചന തുടങ്ങും. എന്തൊക്കെ ഒപ്പിക്കാമെന്ന്. ഇതിലൊന്നും വരനെ പങ്കെടുപ്പിക്കില്ല.'' കല്യാണ വിനോദങ്ങളിലെ ഒരു സൂത്രധാരന്‍ റോഷി പറയുന്നു. ഇപ്പോള്‍ റോഷിക്കും പേടിയാണ്. അടുത്തുതന്നെ തന്റെയും കല്യാണം വരുന്നു.

സുഹൃത്തുക്കളുടെ തമാശകള്‍ പലപ്പോഴും അതിരുവിടാറുണ്ട്. അത്തരമൊരു തമാശയാണ് കതിരൂരിലെ യുവതിയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തത്. താലികെട്ടുന്ന മുഹൂര്‍ത്തമായി. കൈയില്‍ താലവുമായി മണ്ഡപത്തിലേക്കിറങ്ങി വരികയാണ് വധു. വരന്‍ മണ്ഡപത്തിലേക്ക് കയറുന്നത് നോക്കിയിരുന്ന കാണികള്‍ ഒരു നിമിഷം അമ്പരന്നു. കല്യാണച്ചെക്കനു പകരം സുഹൃത്ത് കയറിയതാ മാലയിടുന്നു. യഥാര്‍ഥ വരനാവട്ടെ സുഹൃത്തുക്കളുടെ സേതുബന്ധനത്തില്‍കിടന്ന് നിസ്സഹായനാവുന്നു. ഉടന്‍തന്നെ നായിക ധീരമായി പ്രഖ്യാപിച്ചു. ''എനിക്കീ കല്യാണം വേണ്ട.'' അവള്‍ കുലുക്കമില്ലാതെ മണ്ഡപത്തില്‍ നിന്നിറങ്ങിപ്പോയി.


തുടക്കം നാരങ്ങവെള്ളത്തില്‍ നിന്ന്

വധുവിനും വരനും ഉപ്പിട്ട നാരങ്ങവെള്ളം നല്‍കുക, താലികെട്ടിവരുമ്പോള്‍ എന്തെങ്കിലും കമന്റ് പറയുക ഇതൊക്കെ മുന്‍പുണ്ടായിരുന്നു. കോടിയേരിയിലെ സ്വകാര്യ ബസ് ജീവനക്കാരന്‍ പ്രേമരാജന്‍ ഓര്‍ക്കുന്നു. വധുവിനോട് പ്രായം ചെന്ന സ്ത്രീകളുടെ കമന്റുണ്ടാവും. ''ഇന്ന് രാത്രി ഇടിവെട്ടി മഴ പെയ്തിരുന്നെങ്കില്‍''. ഒരു കൂട്ടച്ചിരിയില്‍ തീരും അതിന്റെ മറുപടികള്‍. ഇതാണ് പുതിയ കാലത്ത് ക്രൂരകൃത്യങ്ങളിലേക്ക് വഴിതിരിഞ്ഞത്. വിവാഹം കഴിഞ്ഞിറങ്ങിയ വധൂവരന്മാര്‍ സുഹൃത്തുക്കള്‍ നല്‍കിയ പഴം കഴിച്ച് അവശനിലയിലായത് പാനൂരിലാണ്. പഴത്തിനുള്ളില്‍ കാന്താരി മുളകരച്ചു കലക്കി സിറിഞ്ചിലൂടെ കുത്തിവെച്ചിരുന്നത്രേ.

Fun & Info @ Keralites.netവര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹ ചടങ്ങിനിടെ മംഗളപത്രം വായിക്കുന്ന ചടങ്ങുണ്ടായിരുന്നു. വരന്റെയും വധുവിന്റെയും സ്വഭാവവൈശിഷ്ട്യങ്ങള്‍ വിളിച്ചുപറയുന്ന കാവ്യഭംഗി നിറഞ്ഞ കുറിപ്പുകള്‍. ഇതിന്റെ സ്ഥാനം പുതിയ കാലത്ത് അശ്ലീല പോസ്റ്ററുകള്‍ കൈയടക്കി. വരന്റെ പൂര്‍വചരിത്രവും അശ്ലീലം നിറഞ്ഞ കഥകളുമടങ്ങുന്ന പോസ്റ്ററുകള്‍ കല്യാണചടങ്ങിനിടെ വിതരണം ചെയ്യും. വരന്റെ തലയും മൃഗത്തിന്റെ ഉടലുമായുള്ള ചിത്രങ്ങളുമുണ്ടാവും.


എതിര്‍പ്പുകള്‍ ദുര്‍ബലം

പവിത്രമായ വിവാഹചടങ്ങുകളില്‍ നടക്കുന്ന വിനോദങ്ങള്‍ക്കെതിരെ വീട്ടുകാര്‍ക്ക് പലപ്പോഴും പ്രതികരിക്കാനാവില്ല. കാരണം വരന്റെ അടുത്ത സുഹൃത്തുക്കളും കല്യാണത്തിന്റെ ഒത്താശക്കാരും തന്നെയായിരിക്കും ഇതിന്റെയും സംഘാടകര്‍. ഇത്തരം വിനോദങ്ങളെ എതിര്‍ത്ത അഴീക്കോട്ടെ ഗൃഹനാഥന്റെ അനുഭവം മറക്കാനാവില്ല. വരന്റെ അച്ഛന്റെ എതിര്‍പ്പു കണ്ട് കൂട്ടുകാര്‍ ഇറങ്ങിപ്പോയി. അല്‍പസമയംകൊണ്ട് തൊട്ടടുത്ത പറമ്പില്‍ പുതിയൊരു പന്തലുയര്‍ന്നു. അവിടെയും സദ്യ വിളമ്പി. കല്യാണവീട്ടിലേക്ക് വന്ന ബന്ധുക്കളെയെല്ലാം പുതിയ പന്തലില്‍ സദ്യക്കിരുത്തി. ഫലം കല്യാണവീട്ടിലെ സദ്യ മുഴുവന്‍ പാഴായി.

കല്യാണച്ചടങ്ങുകളിലെ വിനോദങ്ങള്‍ക്കെതിരെ പലയിടത്തുനിന്നും എതിര്‍പ്പുകളുയരുന്നുണ്ട്. എരഞ്ഞോളിയിലെ എസ്.എന്‍. പുരത്ത് ഏപ്രില്‍ നാലിന് പൗരയോഗം ചേര്‍ന്നു. ''ഇതെല്ലാം നിയന്ത്രിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ഒരേപോലെ അഭിപ്രായപ്പെട്ടു''-മുഖ്യ സംഘാടകനായ മുകുന്ദന്‍ മഠത്തില്‍ പറയുന്നു. തൊട്ടടുത്ത ദിവസം തലശ്ശേരിയിലുമുണ്ടായി യോഗം. ''വിനോദങ്ങള്‍ മിതമാകണം'' ഉദ്ഘാടകനായ എം.എല്‍.എ. കെ.പി. മോഹനന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന പ്രായക്കാരായിരുന്നു യോഗങ്ങളിലെല്ലാം പങ്കെടുത്തത്. യുവാക്കളൊന്നും എത്തിയില്ല. അവര്‍ മറ്റൊരു കല്യാണ റാഗിങ്ങിനുള്ള ആലോചനയിലായിരിക്കാം

-